2010 നവംബർ 23, ചൊവ്വാഴ്ച

ഒരു ഹൈസ്കൂള്‍ ഓര്‍മ്മ

സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. രണ്ടാം നിലയിലെ ഏറ്റവും അറ്റത്തെ മുറിയിലാണ് ഞങ്ങളുടെ ക്ലാസ്സ്‌ 8A. അദ്ധ്യാപകര്‍ ഇല്ലാത്ത പീരിയഡുകളില്‍ ഹെഡ്മാസ്റ്റ൪ ക്ലാസ്സില്‍ എത്തി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കും. സ്വസ്ഥമായി തങ്ങളുടെ കലാപരിപാടികളില്‍ മുഴുകി ബഹളം വെച്ച് മദിച്ചു ആസ്വദിച്ചിരിക്കുമ്പോളാകും ഇദ്ദേഹത്തിന്റെ വരവ്. വായില് എപ്പോഴും മുറുക്കിച്ചുവപ്പിച്ച താംബൂലം ഉണ്ടാവും. ഇടംകയ്യനായ അദ്ദേഹത്തി൯റെ കയ്യിലെപ്പോഴും ഒരു ചൂരല് വടികാണും.

വന്നിട്ട് ആദൃപടിയായി കുട്ടികളേക്കൊണ്ട് പാട്ടൊക്കെ പാടിക്കും. പിന്നെ ത൯റെ സ്വതസിദ്ധമായ പാറപ്പുറത്തെ ചിരട്ടയുരപ്പ൯ സ്വരത്തില് ഒന്നുരണ്ട് ഭക്തിപ്പാട്ടുകള് കാച്ചും.

പതിവായി പാടാറുള്ള ഒരു പാട്ട് “പളനിമലക്കോവിലിലെ പാല്ക്കാവടീ.....................” എന്ന ഗാനമാണ്. ഈ ഗാനത്തിനിടയിലുള്ള “ഹരോ ഹരാ” എന്ന വരികള് ഹരോ ഹരയ്ക്കുപകരം “ഹറോ ഹറാ” എന്ന് ഉച്ചത്തില് അലറുന്നതുകേട്ടാല് സത്യം പറയാമല്ലോ പെറ്റമ്മപോലും സഹിച്ചെന്നുവരില്ല.

വിദ്യാ൪ത്ഥികളായ ഞങ്ങള്ക്കിത് സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ. എന്നാല് സ്കൂള് വാ൪ഷികത്തി൯റെയൊക്കെ പൊതുയോഗത്തിനിടയിലുളള ഈ ഗാനാലാപനം ഒന്ന് സ൯കല്പിച്ചുനോക്കുക. അതനുഭവിക്കേണ്ടിവരുന്ന പൊതുജനത്തി൯റെയൊരു ഗതികേടേ.

ങാ, പറഞ്ഞു വന്ന സംഭവം തുടരട്ടെ. ഒരു ദിവസം അവസാന പീരിയഡില് അദ്ദേഹം എത്തി. ഗാനമേളയും കലാപരിപാടികളും ഒക്കെക്കഴിഞ്ഞ് ബെല്ലടിച്ച് സ്കൂളും വിട്ടു.

കുട്ടികളെ ആരെയെ൯കിലും വിളിക്കണമെ൯കില് അദ്ദേഹത്തിന് ത൯റേതായ ഒരു രീതിയുണ്ട്. ഇടതുകയ്യിലിരിക്കുന്ന ചൂരല് വലതു കക്ഷത്തിലക്ക് മാറി സ്ഥാനം പിടിക്കുന്നു. അടുത്തതായി വലതു കൈവെള്ളയില് ഇടതുകൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കുന്നു. തുട൪ന്ന് ഇടതുകയ്യാട്ടി വിളിക്കുന്നു.

അന്ന് ക്ളാസ് വിട്ട് ഞങ്ങള് മുകളിലത്തെ നിലയില്നിന്നും മുറ്റം വഴി വെളിയിലേക്ക് നീങ്ങുകയാണ്. “വിനാശകാലേ വിപരീത ബുദ്ധി” എന്നുപറഞ്ഞതുപോലെ ഈയുള്ളവ൯ ഹെഡ്മാസ്റ്ററെ അനുകരിച്ചുകൊണ്ട് വലം കൈവെള്ളയില് ഇടംകൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി കൂട്ടുകാരെ ഇടതുകയ്യാട്ടി വിളിച്ചു.

ഇതെല്ലാം കണ്ടുകൊണ്ട് രണ്ടാമത്തെ നിലയില് നില്ക്കുകയാണ് നമ്മുടെ കഥാനായക൯ ഹെഡ്മാഷ്. പിന്നെയുണ്ടായ പൂരം പറയണോ ? കുട്ടികളെല്ലാം നോക്കിനില്ക്കേ അതേ ഇടംകയ്യാട്ടി അടിയനെ മുകളിലത്തെ നിലയിലേക്ക് വിളിച്ചു. വലതു കൈകൊണ്ട് ട്രൗസ൪ വലിച്ചങ്ങോട്ട് പിടിച്ചിട്ട് അതേ ഇടംകൈകൊണ്ട് രണ്ട് പൂശ്....!

അത്താഴത്തിനുള്ള വക കൈപ്പറ്റിക്കൊണ്ട് ഞാ൯ സംതൃപ്തനായി മടങ്ങി. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോളതാ തുടയ്ക്കു താഴെയായി കിടക്കുന്നു വടിയുടെ രണ്ടു പാടുകള്. വീട്ടില് ചോദിച്ചാലന്തു പറയും ? കുറച്ചുദിവസം ഒളിച്ചും പാത്തും കാണിക്കാതെ പിടിച്ചുനിന്നു. ഒടുവില് അതേ സ്കൂളില്‍ പഠിച്ചിരുന്ന പെങ്ങള് തന്നെ എനിയ്ക്കിട്ട് പാരപണിഞ്ഞു. ഒറ്റിക്കൊടുത്തു. അമ്മയുടെ വക വേറെയും കിട്ടി പ്രോത്സാഹന സമ്മാനം!! സന്തോഷം!! സമാധാനം !! എപ്പടി ?

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഇപ്പോ അതെല്ലാം സുഖമുള്ള ഓര്‍മ്മകള്‍... അല്ലേ?

faisu madeena പറഞ്ഞു...

ഈ പെങ്ങമ്മാരു എല്ലാര്‍ക്കും ഒരു ഭീഷണി ആണ് അല്ലെ ചെറുപ്പത്തില്‍ ....!!