2013 ഫെബ്രുവരി 11, തിങ്കളാഴ്‌ച

വ്രണിത ഹൃദയം


എന്നും ജോലിക്ക് പോകുന്ന വഴിയില്‍ ആ കുഞ്ഞു പെണ്‍കുട്ടിയെ കാണുമായിരുന്നു. അമ്മയുടെ വിരല്‍തുമ്പില്‍ തൂങ്ങി സ്കൂളിലേക്കുള്ള പോക്കാണ്. ചില ദിവസങ്ങളില്‍ ദുഃശ്ശാഠ്യം പിടിച്ചു ചിണുങ്ങി കരഞ്ഞു കൊണ്ട്. കരച്ചിലിന് ഒടുവില്‍ അമ്മയുടെ ഒക്കത്തേറിയ സന്തോഷത്തോടെ.

ഒരു ദിവസം യാദൃശ്ചികമായി അമ്മയുടെ കൈ വിട്ടോടിയ അവള്‍ കല്ലില്‍ തട്ടി വീണത്‌ എന്റെ തൊട്ടു മുന്നില്‍. അമ്മ ഓടിയെത്തും മുന്‍പ് അവളെ പിടിച്ചുയര്‍ത്തി മുട്ടിലെയും ഉടുപ്പിലെയും മണ്ണും പൊടിയും കുടഞ്ഞു കളഞ്ഞു.

സാരമില്ല, ഒന്നും പറ്റിയില്ലെന്നു പറഞ്ഞപ്പോള്‍ നനഞ്ഞ കണ്‍ കോണുകളിലൂടെ ഒരു ചെറു മന്ദസ്മിതം അവള്‍ എനിക്കായി എറിഞ്ഞു തന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ എനിക്കായി ആ പുഞ്ചിരി കാത്തു വച്ചിരിന്നു. പതിയെ പതിയെ ഞാന്‍ അവളുടെ പേര് ചിന്നു ആണെന്നും അകാലത്തില്‍ അവരെ വിട്ടു പിരിഞ്ഞ അച്ഛനെ കുറിച്ചും ഒക്കെ അറിഞ്ഞു.

എന്നെക്കുറിച്ചും എന്റെ മകന്റെയും മകളുടെയും പേരുകളും അവര്‍ പഠിക്കുന്ന സ്കൂളുകളും ഒക്കെ അവള്‍ ചോദിച്ചറിഞ്ഞു.

എനിക്കായി ഓരോ ദിവസവും അവള്‍ തന്റെ കൈ കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും കരകൌശല  വസ്തുക്കള്‍ അല്ലെങ്കില്‍ ഒരു പൂവ് കരുതുമായിരുന്നു.

ഇടതടവില്ലാതെ പുക വലിക്കുന്ന ഞാന്‍ എന്നും രാവിലെ സിഗരറ്റ് വാങ്ങുന്ന കൂട്ടത്തില്‍ അവള്‍ക്കായി ഓരോ മിഠായിയും വാങ്ങിയിരുന്നു.

ഞങ്ങളുടെ ഈ പരിചയം പുതുക്കലും സമ്മാനം കൈമാറലും ഒക്കെ ആ അമ്മ എന്നും മൗനി ആയി നിന്ന് കാണുമായിരുന്നു.

ഒരു ദിവസം ചിന്നു എന്നോട് ചോദിച്ചു " അങ്കിള്‍ എന്തിനാ ഇത്രയും സിഗരറ്റ്‌ വലിക്കുന്നത്. നോക്കിക്കോ ഒരു ദിവസം അങ്കിളും എന്റെ അച്ഛനെപ്പോലെ അസുഖം വന്നു മരിച്ചു പോകും." ഒരു നിമിഷം ഞാന്‍ ഒന്നും പറയാനാവാതെ സ്തബ്ധനായി നിന്ന് പോയി.

പിന്നീട് അന്വേഷണത്തില്‍ നിന്നും അറിഞ്ഞു അവളുടെ പിതാവ് അമിത മദ്യപാനവും പുകവലിയും കാരണം കരള്‍ രോഗം വന്നാണ് അവരെ അകാലത്തില്‍ അനാഥരാക്കി കടന്നു പോയതെന്ന്. ആ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ ആ കുഞ്ഞിനെ വളര്‍ത്തുന്നത് എന്നും.

അതിനുശേഷം ഓരോ പ്രാവശ്യവും സിഗരറ്റ് കൈയ്യില്‍ എടുക്കുമ്പോള്‍ ആ ഓമന മുഖവും അവളുടെ വാക്കുകളും മനസ്സില്‍ തെളിയും. അങ്ങനെ എന്റെ സിഗരറ്റിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു ദിവസം ഒന്നോ രണ്ടോ എണ്ണം ആയി.

ഈ വിവരം അവളെ അറിയിച്ചപ്പോള്‍ അവളുടെ മുഖത്ത് വിടര്‍ന്ന ആ  ചിരിയ്ക്കു് എന്തൊരു അഴക്‌ ആയിരുന്നു എന്നോ.

ശനിയും ഞായറും അവധി ആയതിനാല്‍ അവളെ കാണാതെ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എങ്ങിനെയും തിങ്കളാഴ്ച ആയാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന.

വിശാലമായ പാര്‍ക്കിന്റെ നടുവിലെ നടപ്പാതയില്‍ വച്ചായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടലുകള്‍. ഒരു ദിവസം കാണാന്‍ പറ്റിയില്ലെങ്കില്‍ അവിടെയുള്ള മരച്ചുവട്ടിലെ കരിയിലകള്‍ക്കടിയില്‍ കൈമാറാനുള്ള ഉപഹാരം ഒളിച്ചു വച്ചിരിക്കും.

ഒന്ന് രണ്ടു ദിവസം അവളെ കണ്ടില്ല. എനിക്കുള്ള സമ്മാനങ്ങള്‍ ഒന്നും മരച്ചുവട്ടില്‍ കണ്ടില്ല, എന്റെ മിഠായി അവിടെ എറുമ്പ് അരിച്ചു ഇരിക്കുകയും ചെയ്യുന്നു.

മൂന്നാം ദിവസം അവളെ കണ്ടു. ഒരു ചെറിയ പനി ആയിരുന്നു എന്നും ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നു എന്നും അറിഞ്ഞു.

രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും അവള്‍ അപ്രത്യക്ഷ ആയി. ഇപ്രാവശ്യം തിരികെ എത്തിയപ്പോള്‍ അവളുടെ മുഖത്തിന്‌ ആ പഴയ പ്രസരിപ്പ് ഇല്ലായിരുന്നു, പുഞ്ചിരിക്കും ഒരു പ്രകാശക്കുറവ്. ശരീരവും ക്ഷീണിച്ചിരുന്നു.

ഒടുവില്‍ പരീക്ഷക്കാലം വന്നിട്ടും അവളെ കാണാതെ ആയപ്പോള്‍ ഞാനവളുടെ സ്കൂളില്‍ അന്വേഷിച്ചു. തീരെ സുഖമില്ലാതെ അവള്‍ കിടപ്പില്‍ ആണത്രേ.

സ്കൂളിന്‍ നിന്നും വാങ്ങിയ മേല്‍വിലാസവുമായി രണ്ടു ദിവസം കൂടി കഴിഞ്ഞു മാത്രമേ എനിക്കാ വീട്ടില്‍ എത്താന്‍ കഴിഞ്ഞുള്ളു.
വീടിന്റെ മുന്നിലെ ആള്‍ക്കൂട്ടം എന്നെ അമ്പരപ്പിച്ചു. അടുത്ത് നിന്ന ഒരാളില്‍ നിന്നും കേട്ട വാര്‍ത്ത‍ എന്നെ ശരിക്കും തകര്‍ത്തു കളഞ്ഞു. എന്റെ ചിന്നു, എന്നെയും പ്രിയപ്പെട്ടവരെയും തീരാ ദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ട് അവളുടെ അച്ഛന്റെ അരികിലേക്ക് പറന്നു പോയിരിക്കുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥയുടെ മറ്റൊരു ഇര. വൃത്തിയാക്കാത്ത പഴയ സൂചിയും സിറിഞ്ചും ഉപയോഗിച്ച് ഇന്‍ജക്ഷന്‍ ചെയ്തപ്പോള്‍ ആരില്‍ നിന്നോ പകര്‍ന്നു കിട്ടിയ മാരക രോഗം ആ കുരുന്നിനെയും കൊണ്ടുപോയിരിക്കുന്നു.

ആള്‍ക്കൂട്ടം വകഞ്ഞു മാറ്റി അകത്തു കടന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞ ആ കുരുന്നിന്റെ കാല്‍ച്ചുവട്ടില്‍ ഞാന്‍ കരുതിയിരുന്ന മിഠായികള്‍ സമര്‍പ്പിച്ചു പിന്തിരിയുമ്പോള്‍ ഹൃദയം തകരുന്ന ഒരു നിലവിളി എന്റെ കാലുകള്‍ക്ക് വിലങ്ങിട്ടു.

"സാറേ ഇന്നലെയും എന്റെ കുട്ടി സാറിന്റെ കാര്യം പറഞ്ഞു. സാര്‍ വന്നില്ലല്ലോ എന്ന്. സാറിനു വേണ്ടി കരുതി വച്ചിരുന്ന ഈ സമ്മാനങ്ങള്‍ കൂടി കൊണ്ട് പൊയ്ക്കോളൂ."

ഒരു ചെറിയ കവറിനുള്ളില്‍ നിന്നും തെറിച്ചുവീണ വസ്തുക്കള്‍ കണ്ടു ഞാന്‍ തകര്‍ന്നു പോയി. പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ പലതരം സാധനങ്ങള്‍.

-------------------------
എം എസ് ആനന്ദന്‍
ബാംഗ്ലൂര്‍ 

1 അഭിപ്രായം:

Neelima പറഞ്ഞു...

അവസാന ഭാഗം വല്ലാതെ സങ്കടപ്പെടുത്തി .