2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഒരു വിളക്കുകഥ


)CW EUJdW*9

എന്താ അവിടെയോരു ശബ്ദം, ആരെയും കാണുന്നില്ലല്ലോ" ? മൂക്കിലേക്കടിച്ചുകയറിയ മാറാലയും പൊടിയും ശക്തമായി പുറത്തേക്ക് തുമ്മിക്കളഞ്ഞ്, പീളകെട്ടിയ വൃദ്ധനയനങ്ങള്‍ പ്രയാസപ്പെട്ട് വലിച്ചു തുറന്ന് അയാള്‍ ഒച്ച കേട്ട ദിക്കിലേക്ക് ഏന്തി വലിഞ്ഞു നോക്കി.

വീട്ടിലെ ഇളമുറക്കാരി പരിഷ്കാരി പെണ്‍കുട്ടി, മാളു എന്തോ തിരയുകയാണ്. അവസാനം അന്വേഷിച്ചത് കിട്ടാഞ്ഞതിന്റെ അരിശം തീര്‍ത്ത് അവിടെക്കണ്ട സാധനങ്ങള്‍ എല്ലാം തട്ടിത്തെറിപ്പിച്ചു ഓരൊറ്റപ്പോക്ക്.

ഇപ്പോള്‍ ആ വൃദ്ധന് മുന്‍പത്തേക്കാള്‍ കുറേക്കൂടി നല്ലവണ്ണം പ്രാണവായു ലഭിക്കുന്നുണ്ട്.

----------------------------

എടീ പെണ്ണേ, നേരം സന്ധ്യയാകുന്നു. ആ മണ്ണെണ്ണ വിളക്കൊക്കെ എടുത്ത് എണ്ണ നിറച്ചു വയ്ക്കൂ.മുത്തശ്ശി ചെറുമകളോട് പറഞ്ഞു.

ചെറുമകള്‍ വിലാസിനി വിളക്കുകള്‍ ഓരോന്നായി പൂമുഖത്ത് എത്തിച്ചു. പുറകെ മണ്ണെണ്ണയും തിരി ഇടാനും തൂത്തു തുടയ്ക്കുവാനും ഉള്ള പഴന്തുണിയും.

പലതരം വിളക്കുകള്‍. തകര(പാട്ട) വിളക്കുകള്‍, ഓട്ടുവിളക്കുകള്‍ എന്നിങ്ങനെ. ഓട്ടുവിളക്കുകള്‍ തന്നെ തണ്ടിനു നീളം കൂടിയതും കുറഞ്ഞതും. തകര വിളക്കുകള്‍ വൃത്താകൃതിയില്‍ ഉള്ളതും, ചോര്‍പ്പ് കമഴ്ത്തിയത് പോലെ ചുവടു വൃത്തവും മുകള്‍ ഭാഗം ശോഷിച്ചതും ആയവ.

ഓരോന്നിലും ആവശ്യത്തിന് എണ്ണ ഒഴിച്ച്, തുടച്ചു വൃത്തിയാക്കി, തിരികള്‍ നീട്ടിയിട്ട്, തിരികള്‍ ഇല്ലാത്തവയ്ക്ക് പുതിയത് ഇട്ടും, രണ്ടു തലമുറകളും കൂടി സന്ധ്യ ആയപ്പോഴേക്കും എല്ലാം ഒരുക്കി വച്ചു.

നാമജപത്തിനു ശേഷം വിളക്കുകള്‍ ഓരോന്നായി ഓരോ സ്ഥലങ്ങളിലേക്ക് നയിക്കപ്പെട്ടു. അടുക്കളയില്‍, പഠന മുറിയില്‍, പൂമുഖത്ത്, അച്ഛന്റെ വായനാ മുറിയില്‍, അങ്ങിനെയങ്ങിനെ.

പശുത്തൊഴുത്തില്‍ എന്തോ ശബ്ദം കേട്ടപ്പോള്‍ മുത്തശ്ശന്‍ ഒരു മണ്ണെണ്ണ വിളക്കുമെടുത്ത് ഓരോ പശുവിന്റെയും സമീപമെത്തി എല്ലാവരും സുഖമായി കഴിയുന്നു എന്ന് ഉറപ്പുവരുത്തി.

മുത്തശ്ശി മറ്റൊരു വിളക്കുമേന്തി കോഴിക്കൂടും പരിസരവും വീക്ഷിച്ച് അവിടെയുള്ള പ്രജകളുടെ സ്നേഹാന്വേഷണം നടത്തി തന്റെ ദൌത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തി.

മകള്‍ മാലതി പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച് പൈങ്കിളി വായിക്കുന്നു. പെട്ടെന്ന് അച്ഛന്റെ ശബ്ദം കേട്ട് വാരിക ഒളിപ്പിക്കാന്‍ ബദ്ധപ്പെടുന്ന അവളെ കണ്ട തകരവിളക്ക് ഒന്നൂറിച്ചിരിച്ചിട്ട് താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ കൈ മലര്‍ത്തി.
അച്ഛനൊപ്പം കൊയ്ത്തുകാലത്ത് കാവല്പ്പുരയില്‍ കൂട്ടായി നിന്നത് ഒരു റാന്തല്‍ വിളക്കായിരുന്നു.

അമ്മ, അത്താഴം കാലമാക്കി, ആ വിളക്കുമായി ഭോജന മുറിയിലെത്തി എല്ലാവര്ക്കും വിളമ്പി, ഊട്ടി. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുവോളം കണ്ണിലെണ്ണയുമൊഴിച്ചു ആ വിളക്ക് കൂട്ടിരുന്നു.

മൂത്തമകന്‍ രാഘവന്‍, വക്കീല്‍ പരീക്ഷ പാസാകും വരെ സന്തതസഹചാരി ആയിരുന്ന തണ്ടുനീണ്ട ഓട്ടുവിളക്കിനിന്ന് വിശ്രമജീവിതം. പ്രായം കുറെ ആയില്ലേ, ഇടയ്ക്കിടെ എണ്ണ ചോരുന്നു. എത്രയെത്ര ജീവിതങ്ങള്‍ കണ്ട അനുഭവം.

രാഘവന്റെ ആദ്യരാത്രിയില്‍ തിരി താഴ്ത്തിയെങ്കിലും  അണയാതെ നിന്നപ്പോള്‍ കണ്ട രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചം. 

ആയിടെയ്ക്കാണ് ഞങ്ങളുടെ സമാധാനം കെടുത്താന്‍ ആ വീട്ടിലേക്ക് പുതിയ ഒരംഗമായി ആ റാന്തല്‍ വിളക്കെത്തിയത്. എന്തായിരുന്നു അവന്റെയൊരു പത്രാസ്. ഞങ്ങളെയൊക്കെ വെറും പുച്ഛം. അവന്റെ പുച്ഛത്തിന് അറുതി വരുത്തിക്കൊണ്ട് പെട്രോള്‍ മാക്സ് വന്നത് ഞങ്ങളെ ഉള്ളാലെ സന്തോഷിപ്പിച്ചു.

ആ സന്തോഷം താല്‍ക്കാലികം മാത്രമായിരുന്നു. ഞങ്ങളെ എല്ലാം ദുരിതത്തിലാഴ്ത്തിക്കൊണ്ടാണ് വൈദ്യുതിയും വൈദ്യുത വിളക്കുകളും രംഗപ്രവേശം ചെയ്തത്.

പിന്നീട് ഞങ്ങളുടെ സാന്നിദ്ധ്യം വൈദ്യുതി ഇല്ലാത്ത സമയത്തേക്ക് മാത്രമായി ചുരുങ്ങി. വീണുകിട്ടിയ ആ ചെറിയ ഇടവേളകള്‍ പ്രകാശമാനമാക്കി ഞങ്ങള്‍ ആസ്വദിച്ചു.

ആ ഭാഗ്യവും അധികനാള്‍ നീണ്ടു നിന്നില്ല. മെഴുകുതിരിയുടെ രംഗപ്രവേശവും പിന്നാലെ എമര്‍ജന്‍സി വിളക്കുകളുടെ ആഗമനവും ഞങ്ങളെ അരങ്ങില്‍ നിന്നും നിലവറയിലേക്ക് എത്തിച്ചു.

.................................

ചാടിയിറങ്ങിപ്പോയ, വിദേശത്തു നിന്നും അവധിക്കു വന്ന മാളു, എന്തോ കണ്ട് അത്ഭുതപ്പെട്ട് തിരിച്ചു വന്നു. പൊടിയിലും മാറാലയിലും കുളിച്ചു കിടന്ന ആ വിളക്കുമുത്തശ്ശനെ പതിയെ താങ്ങിയെടുത്തു. വാ മാര്‍വെലസ്, ഫാന്ടാസ്ടിക്വിളികളോടെ ആര്‍ത്തുതുള്ളി.

ഓരോര്മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന ആ വിളക്ക് വൃദ്ധന്‍ വിശ്വസിക്കാനാവാതെ തന്റെ ചുറ്റും നോക്കി. വില പിടിപ്പുള്ള പല സാധനങ്ങള്‍ക്കുമൊപ്പം ഷോക്കേസില്‍ ഒരുന്നത സ്ഥാനത്ത് വിരാജിക്കുന്നു. തേച്ചു മിനുക്കി തിളങ്ങുന്ന തന്റെ മേനി കണ്ടപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ അറിയാതെ അടര്‍ന്നു വീണു. ആ കണ്ണീര്‍ വിടപറയാതെ കവിളോട് ഒട്ടിനിന്ന് തിളങ്ങി.

ആരുടെയോ കൈയ്യില്‍ നിന്നും നിലംപതിച്ചു കാലൊടിഞ്ഞു രോഗിയായി ആര്‍ക്കും വേണ്ടാതെ കിടന്ന തന്റെ പ്രിയ കൂട്ടുകാരിയെ ആക്ക്രിക്കാര്‍ കൊണ്ടുപോയ ഹൃദയഭേദകമായ രംഗമായിരുന്നു ആ മനസ്സിലപ്പോള്‍ ഓടി മറഞ്ഞത്.
-----------------------------


1 അഭിപ്രായം:

ajith പറഞ്ഞു...

വിളക്കുകളുടെ കഥ നന്നായിട്ടുണ്ട് കേട്ടോ