കാണ്ടാപുരം കുഞ്ഞുരാമ൯ (52) "അകാല" ചരമം അടഞ്ഞു. (!?) പരേതന്റെ പരിശുദ്ധാത്മാവ് പരലോകത്ത് പറന്നെത്തി. ദൈവത്തിന്റെ മുന്‍പാകെ വിചാരണയ്ക്ക് ഹാജരാക്കപ്പെടുന്നു.
നന്മതിന്മകളുടെ വലിയ നാള്‍ വഴി കിത്താബുമായി ദൈവത്തിന്റെ കണക്കനും സെക്രട്ടറിയും ആയ ചിത്രഗുപ്തനും ഉപവിഷ്ട൯
കാണ്ടാപുരം സ്വദേശി കൊഞ്ഞാണ്ടയില്‍ കിട്ടു പിള്ളയുടെയും കഞ്ഞിപ്പെണ്ണിന്റെയും അല്ല കുഞ്ഞിപ്പെണ്ണി൯റെയും സീമന്ത പുത്രനായ കുഞ്ഞുരാമ൯ 52 ഹാജരുണ്ടോ ? ക്ഷമിക്കണം കുഞ്ഞിരാമന്റെ പരെതാത്മാവ് ഹാജരുണ്ടോ ?
നവ സാക്ഷരനായ ആമീ൯ ഉച്ചാരണ വൈകല്യത്തിന്റെയും അക്ഷര തെറ്റുകളുടെയും അകമ്പടിയോടെ മൂന്നു പ്രാവശ്യം വിളിച്ചു ചോദിച്ചു.
" ഹാജരുണ്ടേ " പാറപ്പുറത്ത് ചിരട്ട ഉരസുന്ന സ്വരത്തില്‍ ഉര ചെയ്ത ശേഷം കുഞ്ഞുരാമന്റെ "സേക്രട്ട് സോള്‍ " പ്രതിക്കൂട്ടില്‍ കയറി നിന്നു.
"ചിത്രഗുപ്ത൯”
" എസ് സാര്‍ "
" തുടങ്ങിക്കൊളൂ "
" താങ്ക്യു ഗോഡ് "
"മി കുഞ്ഞുരാമ൯, നിങ്ങളുടെ അക്കൌണ്ടില്‍ നന്മയെക്കാലധികം തിന്മകള്‍ ആകയാല്‍ നരകം തന്നെ ആണല്ലോ മോനെ ദിനേശാ വിധി. എന്തെങ്കിലും പറയാനുണ്ടോ ?
പുസ്തകം മുഴുവ൯ ഒന്നോടിച്ചു നോക്കിയിട്ട് ചിത്രഗുപ്ത൯ ആരാഞ്ഞു.
" ഐ ഒബ്ജെക്റ്റ് യുവര്‍ ഓണര്‍ "
" എസ്, യു മേ പ്രൊസീഡ്" ദൈവം
മറുനാട്ടില്‍ ഓഫീസ് ജോലി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ മലയാളി ചെയ്യുന്നതോ൪ത്താല്‍ ഞാ൯ ഒന്നും ചെയ്തിട്ടില്ല. കൊല്കത്തയില്‍ ജീവിച്ചു എന്ന ഒറ്റ കാരണത്താല്‍ യാതൊരു വിചാരണയും കൂടാതെ എനിക്ക് സ്വര്‍ഗം ലഭിക്കേണ്ടതാണ്.
"വിശദീകരണം വേണം " ദൈവം
കൊല്കത്തയില്‍ താമസിക്കുന്ന ഒരു സാധാരണക്കാരന്റെ ഒരു ദിവസം തുടങ്ങുന്നത് ക്യുവിലാണ്. അവസാനിക്കുന്നതും ക്യുവില്‍ത്തന്നെ.
രാവിലെ പാല്‍ വാങ്ങാ൯ തുടങ്ങുന്ന ക്യു, കുട്ടിയെ സ്കൂളില്‍ വിടാന്‍, റേഷന്‍ വാങ്ങാന്‍, ഗ്യാസ് ബുക്ക് ചെയ്യാന്‍, ബസില്‍ കയറാന്‍, സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍, വലിയ ഓഫീസിലെ ലിഫ്റ്റില്‍ കയറാന്‍ ,എന്ന് വേണ്ട മരിച്ചു കഴിഞ്ഞ ശവത്തിനു പോലും ക്യുവില്‍ നിന്ന് മോചനം ഇല്ല. അവിടെ വൈദ്യുത ശ്മശാനത്തിലും ക്യുവാന് .
ഇവിടെ ഒരു സാദാ പൌരന്‍ ക്യുവില്‍ ജനിക്കുന്നു, (ആശുപത്രിയില്‍) ക്യുവില്‍ ജീവിക്കുന്നു, ക്യുവിലൂടെ ജീവിതം പാഴാക്കി ക്യുവില്‍ത്തന്നെ അവസാനിക്കുന്നു.
"ക്യുവില്‍ നിന്നുദിക്കുന്നു ലോകം, ക്യുവിനാല്‍ വൃദ്ധി തേടുന്നു, ക്യുവിനാല്‍ അസ്തമിക്കുന്നു " എന്ന് കവി വാക്യം തിരുത്തിപ്പാടനം.
ഈ സമയം ദൈവത്തിനൊരു ഫോണ്‍.
" ഹലോ, ങാ, എസ്, ഗോഡ് സ്പീക്കിംഗ്, നരകത്തില്‍ നിന്നോ ? കേരളത്തില്‍ നിന്ന് ഈയിടെ വന്ന നേതാവ് ബഹളം വയ്ക്കുന്നെന്നോ ? എ സി വേണമെന്നോ ? കൊടുക്കാമല്ലോ .
ഏഷ്യാനെറ്റിന്റെ സിനിമ പുന:പ്രക്ഷേപണവും ഇടവേളപ്പരസ്യങ്ങളും ഒരു ദിവസം മുഴുവനും കാണിക്കുമെന്നു പറയൂ. താനേ അടങ്ങിക്കോളും. "
ഫോണ്‍ വെച്ചിട്ട് നോക്കുമ്പോള്‍ മേശപ്പുറത്തിരുന്ന സ്വ൪ണ്ണ നിറമുള്ള പേന കാണുന്നില്ല. ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുന്നു ശ്രീമാന്‍ കെ രാമന്‍.
"മി കുഞ്ഞുരാമന്‍, ആ പേനയിങ്ങു തന്നേക്കൂ. കുറെ നേരമായി അതിന്മേലുള്ള നിങ്ങളുടെ നോട്ടം നാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് നമുക്ക് അടുത്തിടെ വന്ന ഒരു വ്യവസായ പ്രമുഖന്‍ വന്നപ്പോള് തന്നതാണ്. നമ്മുടെ അടുത്ത് തന്നെ വേണോ കളി. "
"സോറി ഗോഡ്, ഈ വക കൌതുകം ഉണര്‍ത്തുന്നതും പോക്കറ്റില്‍ ഒതുങ്ങുന്നതുമായ എന്ത് വസ്തുക്കള്‍ കണ്ടാലും വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ ഈയുള്ളവന്‍ അത് "പൊക്കി"യിരിക്കും. മാര്‍വാടിയുടെ ഓഫീസില്‍ ജോലി ചെയ്തപ്പോള്‍ കിട്ടിയ ഈ ശീലം പലപ്പോഴും വിനയായിട്ടുണ്ട്.
ചിലപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നാണെങ്കില്‍ പോലും തിരിച്ചു പോരുമ്പോള്‍ പല ചെറിയ സാധനങ്ങളും ഒന്നുമില്ലെങ്കില്‍ ചായ തന്ന കപ്പെങ്കിലും കീശയില്‍ കാണും. "
വ്യസനത്തോടെ പേന തിരികെ നല്‍കി.
"ശരി തുടരുക " ദൈവം ആജ്ഞാപിച്ചു.
"മോഷണം ഉണ്ടോ ? " ചിത്രഗുപ്തന്‍ അന്വേഷിച്ചു.
"ഹേയ്, ഇല്ല, പിന്നെ ചിലപ്പോഴൊക്കെ കാണാതെ ചോദിച്ചു വാങ്ങും. നല്ല ചോദ്യം. മൂന്നു കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെ ആവശ്യം ഉള്ള, പേന, പെന്‍സില്‍, സ്റ്റേപ്ള൪ പോലുള്ള ഒരു സ്റ്റെഷനറി സാധനവും വീട്ടില്‍ കാശ് കൊടുത്തു വാങ്ങിയിട്ടില്ല. ആര്‍ക്കും വേണ്ടെങ്കില്‍ നാട്ടുകാര്‍ക്ക് കൊടുക്കും. അല്ലെങ്കില്‍ നാട്ടില്‍ കൊണ്ടുപോകും. പവ്വര്‍ കട്ട് സമയത്തേക്ക് വാങ്ങുന്ന മെഴുകു തിരിയും തീപ്പെട്ടിയും പോലും വാങ്ങുന്ന ദിവസം മാത്രം ഓഫീസിലും തൊട്ടടുത്ത ദിവസം വീടിലും ഇരിക്കും.
കള്ളത്തരങ്ങള്‍ :
നാട്ടില്‍ ഹരിശ്ചന്ദ്രന്റെ അവതാരം ആയിരുന്നു. കൊല്കത്തയില്‍ വന്ന ശേഷം വക്കീലന്മാരുടെ കാര്യം പറഞ്ഞതുപോലെ വായ തുറക്കുന്നത് ആഹാരം കഴിക്കാനും കള്ളം പറയാനും മാത്രമാണ്.
ഇല്ലാത്ത ബന്ധുക്കളുടെ കല്യാണം എന്നൊക്കെ പറഞ്ഞു എത്ര പ്രാവശ്യം വെറുതെ അവധി എടുത്തിരിക്കുന്നു. എന്നിട്ട് വേറെ ഓഫീസില്‍ പോയി ലീവ് വേക്കന്‍സി ചെയ്തു കാശുണ്ടാക്കും.
ഒരു കാരണവും ഇല്ലെങ്കില്‍ "പട്ടിക്കുട്ടി എക്സ്പയേ൪ഡ് സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്ലീ അല്ലെങ്കില്‍ "മൂരിക്കുട്ടന്‍ സീരിയസ് " എന്നോ പറഞ്ഞു നാട്ടില്‍ നിന്ന് ടെലഗ്രാം അടിപ്പിക്കും. നാട്ടില്‍ പോകാനുള്ള ടിക്കെറ്റ് എടുത്തു കാണിച്ചിട്ട് അവധി സംഘടിപ്പിക്കും. പിറ്റേ ദിവസം ക്യാന്‍സല് ചെയ്തു കാശ് വാങ്ങുന്നു. വേറെ പണി നോക്കുന്നു. ശുഭം.
" ആരാണ് പട്ടിക്കുട്ടി എന്ന് ചോദിച്ചാല്‍ വേണ്ടപ്പെട്ട ആളാണെന്ന് പറയും.
"ഇതൊക്കെ തെറ്റാണെന്ന് അറിയില്ലേ " ദൈവം അന്വേഷിച്ചു.
"എന്തു തെറ്റ്. ഗുരുക്കന്മാര്‍ മാര്‍വാടികള്‍ തന്നെ.
അല്ലെങ്കില്‍പ്പിന്നെ കസ്റ്റംസില്‍ നിന്ന് അന്വേഷണത്തിന് ആള് വരുന്നെന്നറിഞ്ഞപ്പോള്‍ കാരണമൊന്നും കാണാഞ്ഞ് വര്‍ഷങ്ങള്‍ക്കു മുന്പ് "കാഞ്ഞ" മൂപ്പില്സിന്റെ ശ്രാദ്ധമെന്നു നോട്ടിസെഴുതി കതകില്‍ പതിച്ചിട്ട് നാല് ദിവസം വെറുതെ ഓഫീസ് അടച്ചിടുമോ ! കിളവന്റെ കാറ്റ് പോയപ്പോള്‍ പോലും അവധി തരാത്ത ആശാന്റെ തലയില്‍ തന്നെ വേണ്ടേ ശിഷ്യന്റെ കശുവണ്ടി പ്രയോഗം.
തട്ടിപ്പ് / വെട്ടിപ്പ്
സര്‍ക്കാര്‍ വക സ്പെഷ്യല്‍ ബസില്‍ ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ വരുമ്പോള്‍ കണ്ണ് കാണിക്കും. ഇറങ്ങുമ്പോള്‍ കണ്ടു കൊള്ളാമെന്നു. ഇറങ്ങാന്‍ നേരം പത്തു രൂപ കൊടുക്കേണ്ടിടത്ത് അഞ്ചേല്‍ നിര്‍ത്തും. ടിക്കറ്റ് വേണ്ട. അയാള്‍ക്ക് മുഴുവന്‍ ലാഭം. നമുക്ക് പകുതിയും.
ടിക്കെട്ടെടുക്കണമെന്നു സര്‍ക്കാരിന്റെ കര്‍ശന നിയമ വന്നപ്പോള്‍ ഒരു ദിവസം കണ്ടക്ടര്‍ ഫിഫ്ടി വാങ്ങാതെ വെളിയില്‍ നിന്ന ചെക്കറെ കണ്ണ് കാണിച്ചു. കണ്ടോളാന്‍, കണ്ടു, "പൊക്കി" ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ "നിന്ന്" ഉറങ്ങുകയും 250 രൂപ പിഴ അടക്കുകയും ചെയ്തു.
പൊതു സ്ഥലത്ത് മൂത്രം ഒഴിച്ചതിനു പിഴ അടക്കാന്‍ പോക്കറ്റില്‍ കാശില്ലാഞ്ഞതു കൊണ്ട് വേറൊരു ദിവസം കൂടി സ്റ്റേഷനില്‍ കഴിയേണ്ടി വന്നു.
കറന്റ് കട്ട് കാരണം ഉറക്കം ടെറസ്സില്‍ ഒക്കെയാകും. കരന്റില്ലെങ്കില്‍ പലപ്പോഴും വെള്ളവും കാണില്ല.
ജീവിതം വഴി മുട്ടിയപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിനിനു മുമ്പില്‍ തല വയ്ക്കാന്‍ ഒരു ദിവസം മുഴുവന്‍ പാളത്തിലൂടെ നടന്നു. അന്ന് മിന്നല്‍ പണിമുടക്ക് കാരണം ട്രെയിന്‍ ഒന്നും ഓടിയില്ല. ഫാനില്‍ തൂങ്ങി. ഭാര്യ 25 % കിഴിവില്‍ വാങ്ങിയ സാരി കിഴിവിന് പകരം 50 % കീറി വീണു നടുവ് ഉളുക്കിയത് മിച്ചം. പിന്നീടു കീട നാശിനി മോന്തി. മായം കാരണം ഒരാഴ്ചത്തേക്ക് തുടര്‍ച്ചയായ വയറിളക്കം. എപ്പടി ?
"ആത്മഹത്യ ചെയ്യാന്‍ നിങ്ങളെന്തിനു ഇത്ര ബുദ്ധിമുട്ടുന്നു ? കേരളത്തിലെ ഏതു പോലീസ് സ്റെഷനില്‍ ചെന്നാലാണ് ഒന്ന് തൂങ്ങാ൯ ഉള്ള ഇലാസ്ടിക് കിട്ടാത്തത്. അല്ലെങ്കില്‍ ഒന്നുരുട്ടാന്‍ ഉള്ള ഉലക്ക ഇല്ലാത്തത് ഏത് സ്റ്റേഷനില്‍ ആണ്. പണ്ടായിരുന്നെങ്കില്‍ മലയാള മാസം ഒന്നാം തീയതി ഗുരുവായൂര്‍ റൂട്ടില്‍ കാല്‍ നടയായി യാത്ര ചെയ്‌താല്‍ മതിയായിരുന്നല്ലോ " ദൈവം ചോദിച്ചു.
അവസാനം ഡോക്ടര്‍മാര്‍ പണി മുടക്കിയത് കാരണം വേണ്ട ശുശ്രൂഷ ലഭിക്കാതെയാണ് ഈയുള്ളവന്‍ "വടി" ആയത്
ഈവക കാരണങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും കൊല്‍ക്കത്ത പോലുള്ള മഹാ നഗരങ്ങളില്‍ ജീവിച്ച ഒരു സാദാ മലയാളിക്ക് നിസ്സംശയം സ്വ൪ഗ്ഗം കിട്ടേണ്ടതാണ്. അല്ലാത്തപക്ഷം നരകത്തില്‍ നിന്ന് ഇടയ്ക്കിടെ സ്വ൪ഗ്ഗത്തിലേക്ക് പരോള്‍ എങ്കിലും അനുവദിക്കണം. ദാട്സ് ഓള്‍ യുവര്‍ ഓണര്‍.
"ചിത്രഗുപ്തന്‍" ദൈവം വിളിച്ചു.
" എസ് ബോസ്സ് "
"കുഞ്ഞുരാമന് സ്വ൪ഗ്ഗത്തില്‍ ഒരു സീറ്റ് കൊടുക്കുക. പത്തു വര്‍ഷമെങ്കിലും കൊല്‍ക്കത്ത പോലുള്ള മഹാ നഗരങ്ങളില്‍ ജീവിച്ചു മരിച്ചു വരുന്ന മലയാളികളെ യാതൊരു വിചാരണയും കൂടാതെ നേരെ സ്വ൪ഗ്ഗത്തിലേക്ക് അയയ്ക്കാന്‍ നാം ആജ്ഞാപിക്കുന്നു. അങ്ങനെ ഉള്ളവര്‍ക്കായി കുറെ സീറ്റുകള്‍ സ്പെഷ്യല്‍ ക്വോട്ടയില്‍ നീക്കി വയ്ക്കുക ഇപ്രകാരം ഈ ആനുകൂല്യം ലഭിക്കാതെ പോയ അര്‍ഹരായവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ സ്വ൪ഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതായിരിക്കും. പത്തുവര്‍ഷം പൂര്‍ത്തിയാകാതെ മരിച്ചു വരുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഓണത്തിന് സ്വ൪ഗ്ഗത്തിലേക്ക് പരോള്‍ അനുവദിക്കുന്നതുമായിരിക്കും.
ജന ഗണ മന !!!
വാല്‍ : വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു സാധനമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ കഥയ്ക്കും പശ്ചാതലത്തിനും വളരെ മാറ്റം വന്നിട്ടുണ്ട്. അതിനനുസരിച്ച് കഥാ ഗതിയില്‍ വലിയ മാറ്റമൊന്നും ഞാന്‍ വരുത്തിയിട്ടില്ല. ക്ഷമിക്കുക.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ